04:31am 07 November 2026
NEWS
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജസ്റ്റിസ് റെഡ്ഡിയെ തോൽപ്പിച്ചത് ആരാണ്?
05/10/2025  06:17 AM IST
അഡ്വ. എം. മനോഹരൻപിള്ള
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജസ്റ്റിസ് റെഡ്ഡിയെ തോൽപ്പിച്ചത് ആരാണ്?

ഇൻഡ്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട റിട്ടയേർഡ്  സുപ്രീംകോടതി ജസ്റ്റിസ് സുദർശൻ റെഡ്ഡി ആന്ധ്രയിലെ റെഡ്ഡി വംശത്തിലെ ക്രിസ്ത്യൻ വിഭാഗക്കാരനായിരുന്നു. ആന്ധ്രാപ്രദേശിലെ റെഡ്ഡി വംശജരിൽ ബ്രാഹ്മണരും ക്രിസ്ത്യാനികളുമുണ്ട്. സി.പി.ഐയുടെ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുധാകരറെഡ്ഡി ബ്രാഹ്മണവംശജനായിരുന്നു.

കോൺഗ്രസ്സിൽ ഉള്ളപ്പോൾ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന സി. രാജശേഖരറെഡ്ഡിയും, അദ്ദേഹത്തിന്റെ മകൻ ജഗമോഹൻ റെഡ്ഡിയും പിന്നീട് വൈ.എസ്.ആർ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയായി ആന്ധ്ര ഭരിച്ചു. 2024 ൽ തെലുങ്കുദേശം- ബി.ജെ.പി മുന്നണിയാണ് ജഗമോഹൻ റെഡ്ഡിയെ തോൽപ്പിച്ചത്. എന്നിട്ടും ഇടക്കാലത്ത് ഇൻഡ്യാ മുന്നണിയിൽ ചേർന്ന ജഗമോഹൻ റെഡ്ഡിയുടെ എം.പിമാർ, ബി.ജെ.പി സ്ഥാനാർത്ഥിയായ തമിഴ്‌നാട്ടിലെ ആർ.എസ്.എസ് പ്രഭാരിയായിരുന്ന സി.പി. രാധാകൃഷ്ണനെയാണ് വോട്ട് ചെയ്ത് ജയിപ്പിച്ചത്.

യു.പി.എ അദ്ധ്യക്ഷയായിരുന്ന കാലം മുതൽ സോണിയാഗാന്ധിയുമായുള്ള അടുപ്പം ഉപയോഗിച്ചാണ് ജഗനെയും കുടുംബത്തെയും കോൺഗ്രസും സോണിയായും രാഹുലും വേട്ടയാടിയത്. ദൽഹിയിൽ കോൺഗ്രസ്സുമായി ഒരു ഒത്തുതീർപ്പിനുവേണ്ടി ആന്ധ്രഭവനിൽ കാത്തുകിടന്ന ജഗന് കൂടിക്കാഴ്ച പോലും അനുവദിച്ചില്ല. ആ പ്രതികാരമാണ് ക്രിസ്ത്യാനിയായിട്ടുപോലും സുദർശൻ റെഡ്ഡിക്ക് വോട്ട് ചെയ്യാതിരുന്നത്.

നക്‌സലുകൾക്ക് മനുഷ്യാവകാശ വെള്ളപൂശൽ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയോ ഇൻഡ്യയിലെ അർബൻ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയോ പിന്തുണയില്ലാത്ത ഒരു ക്രമസമാധാന പ്രശ്‌ന വിഭാഗമാണ് ഇൻഡ്യയിലെ വനാന്തരങ്ങളിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പ്. ഇവരെ നേരിടുന്നത് അമിത്ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തരമന്ത്രാലയമാണ്. ഛത്തിസ്ഗഢിലെ മാവോയിസ്റ്റുകളെ നേരിടുന്നതിനും കോൺഗ്രസ്സ് സർക്കാരുണ്ടാക്കിയ നിരോധന നിയമങ്ങളെ അസാധുവാക്കുകയും മാവോയിസ്റ്റുകളെ വൈറ്റ് വാഷ് ചെയ്യുകയും ചെയ്തത് സർവ്വീസിലുണ്ടായിരുന്ന കാലത്ത് സുപ്രീംകോടതി ജഡ്ജിയായിരുന്ന സുദർശൻ റെഡ്ഡിയാണ്. ഇത്തരം മോശം റിക്കോർഡുകളുണ്ടായിരുന്ന സുദർശൻ റെഡ്ഡിയോട് കോൺഗ്രസ്സ് സർക്കാരുകൾക്കും നേതാക്കൾക്കും വൈരാഗ്യമുണ്ട്. അതൊക്കെ ജഡ്ജിയുടെ വോട്ടുകൾ കുറച്ചിട്ടുമുണ്ട്.‌

ജയറാം രമേശിന്റെ ചികച്ചിൽ കേരളത്തിലും

എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന് അധികം കിട്ടിയ പതിനഞ്ച് വോട്ടിന്റെ ഉറവിടം തേടിയായിരുന്നു ജയറാം രമേശിന്റെ കേരളത്തിലെ തിരച്ചിൽ. എം.പിമാർക്കിടയിൽ തിരഞ്ഞിട്ടും കേരളത്തിൽ നിന്നുള്ള എം.പിയും സംഘടനാ ജനറൽ സെക്രട്ടറിയുമായി കെ.സി അറിഞ്ഞു. പക്ഷേ രമേശ് ചെന്നിത്തലയും അടൂർപ്രകാശും അറിഞ്ഞു.
ആദ്യം സംശയത്തിന്റെ മുൾമുന കേരളത്തിലേക്ക് എറിഞ്ഞത് രാഹുൽഗാന്ധിയായിരുന്നു. ചെന്നുപതിച്ചത് ശശിതരൂരിലേക്കാണ്. മാധ്യമക്കാർ തരൂരിനോട് ചോദിച്ചാൽ തരൂർ തുറന്നുപറഞ്ഞാലോ എന്ന ഭയം കേരളത്തിലെ നേതാക്കൾക്കുണ്ടായിരുന്നു. അതുകൊണ്ട് ആരും തരൂരിനെ ലക്ഷ്യം വച്ചില്ല. സാധാരണ എന്തും പറയാറുള്ള കെ. മുരളീധരൻ  പോലും ഒന്നും മിണ്ടിയില്ല.
കേരളത്തിൽ നിന്ന് രണ്ട് എം.പിമാർ വോട്ട് ചെയ്തു എന്ന വാർത്ത വന്നപ്പോൾ വീണ്ടും അങ്കലാപ്പായി. ഒന്ന് സുരേഷ്‌ഗോപിയാണെന്ന് ഉറപ്പിച്ചു. രണ്ടാമത്തെ ആളിന് വേണ്ടി പരക്കംപാച്ചിലായി. ശശി തരൂരിന്റെ പേരിൽ ചാർത്താൻ പോയപ്പോഴാണ് ഈയിടെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സി.സദാനന്ദൻ മാസ്റ്ററിന്റെ കാര്യം എല്ലാവരും ഓർത്തത്.

ജസ്റ്റിസ് റെഡ്ഡിയുടെ മുരിങ്ങൂരിനെപ്പറ്റിയുള്ള സുപ്രീംകോടതി വിധി

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള മുരിങ്ങൂരിലെ പോട്ട ആശ്രമത്തിലെ ഒരു അന്തേവാസിയായിരുന്ന സ്ത്രീ കേരള ഹൈക്കോടതിക്ക് ഒരു പരാതി അയച്ചു. തനിക്കുണ്ടായ പീഡനങ്ങളായിരുന്നു പരാതിയുടെ ഉള്ളടക്കം. അത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പത്മനാഭൻ നായർ ആ പരാതി ഫയലിൽ സ്വീകരിക്കുകയും അന്വേഷണത്തിന് കൊരട്ടി പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുകയും ചെയ്തു.
പോലീസ് റിപ്പോർട്ട് ലഭിച്ചശേഷം ഹൈക്കോടതി ഈ കേസിന്റെ വിശദമായ അന്വേഷണത്തിനുവേണ്ടി കാര്യക്ഷമതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. ആ ഉദ്യോഗസ്ഥൻ വിജിലൻസ് ഡി.ജി.പി ആയിരുന്ന ശ്രീ. വിൻസന്റ് എം. പോളിനെയാണ് ഏൽപ്പിച്ചത്. അദ്ദേഹം നടത്തിയ അന്വേഷണത്തിൽ തൊള്ളായിരത്തോളം വ്യക്തികൾക്കുണ്ടായ ദുരന്തങ്ങൾ കണ്ടുപിടിച്ചിരുന്നു. ആ കേസ് ഒരു വിവാദമായപ്പോൾ മുരിങ്ങൂർ ആശ്രമ ഭാരവാഹികൾ സുപ്രീംകോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു. കേരള ഹൈക്കോടതിയുടെ അന്വേഷണറിപ്പോർട്ട് തള്ളിക്കളയാമെന്നായിരുന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി. സുപ്രീംകോടതിയിൽ ജസ്റ്റിസ് സുദർശൻ റെഡ്ഡിയാണ് ഹർജി കൈകാര്യം ചെയ്തത്. അദ്ദേഹം വിൻസന്റ് എം. പോൾ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പൂർണ്ണമായി തള്ളിക്കളഞ്ഞു.
അന്ന് കേന്ദ്രത്തിൽ കോൺഗ്രസ്സ് ഭരണമായിരുന്നു. മുരിങ്ങൂർ ആശ്രമം ഭാരവാഹികൾ സോണിയാഗാന്ധിയും ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമായുള്ള ബന്ധം ഉപയോഗിച്ചോ എന്ന് വ്യക്തമല്ല. എങ്കിലും ജഡ്ജി എന്ന നിലയിലുള്ള ജസ്റ്റിസ് റെഡ്ഡിയുടെ മോശം റിക്കാർഡുകൾ സ്ഥാനാർത്ഥിയാക്കിയവർ പരിശോധിക്കാതിരുന്നത് തോൽവിക്ക് കാരണമായിട്ടുണ്ട്.

സ്ഥാനാർത്ഥിത്വം നിർദ്ദേശിച്ചവരുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള സി.പി.എം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബിയുടെ പേരും കേട്ടിരുന്നു. ആന്ധ്രയിൽ നിന്നുള്ള തെലുങ്കുദേശം വോട്ടുകളും വൈ.എസ്.ആർ കോൺഗ്രസ്സിന്റെ കീഴിലുള്ള ക്രിസ്റ്റ്യൻ റെഡ്ഡിമാരുടെ വോട്ടുമാണ് ഇൻഡ്യാമുന്നണി കണക്കുകൂട്ടിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിയ ഫലം വന്നപ്പോഴാണ് രാഹുൽഗാന്ധി മലേഷ്യക്ക് ഫ്‌ളൈറ്റ് കയറിയത്.

അന്വേഷണ കമ്മീഷൻ തെലങ്കാന റെഡ്ഡിമാരെയും വെറുതെ വിട്ടില്ല

ആന്ധ്രയിലെ ക്രിസ്റ്റ്യൻ റെഡ്ഡിമാരുടെ വോട്ടൊന്നും കിട്ടിയില്ലെന്ന് ഉറപ്പായപ്പോൾ രാഹുൽഗാന്ധി അന്വേഷണകമ്മീഷന്റെ ഗതി തെലങ്കാനയിലേക്ക് തിരിച്ചുവിട്ടു. ജയറാം രമേശ് അന്വേഷണത്തിന്റെ മുന തെലങ്കാന മുഖ്യമന്ത്രിക്ക് നേരെ പായിച്ചു. അങ്ങനെയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്തറെഡ്ഡിയുടെ കയ്യിൽ കെട്ടിയിരുന്ന ചരടിലേക്ക് ശ്രദ്ധ വച്ചത്.

അങ്ങനെ രേവന്തറെഡ്ഡിയുടെ രാഷ്ട്രീയത്തിലെ പൂർവ്വാശ്രമം തോണ്ടിയുള്ള അന്വേഷണത്തിലേക്ക് അന്വേഷണത്തിന്റെ കുന്തമുന തിരിച്ചത്. അങ്ങനെയാണ് രേവന്തറെഡ്ഡിയുടെ ആർ.എസ്.എസ്- സംഘി ബന്ധം സംബന്ധിച്ച പൂർവ്വാശ്രമ രേഖകൾ ലഭിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ എബിവിപി നേതാവായിരുന്നു രേവന്തറെഡ്ഡി എന്ന വിവരം കിട്ടിയപ്പോൾ ജസ്റ്റിസ് റെഡ്ഡിക്ക് കുറഞ്ഞ 14 വോട്ടുകൾ രേവന്തറെഡ്ഡിയുടെ മാനിപ്പുലേഷനാണെന്ന് രാഹുൽഗാന്ധിയും സംഘവും കണക്കുകൂട്ടി. എന്തെങ്കിലും നടപടിയുമായി മുന്നോട്ടുപോയാൽ തെലങ്കാന മന്ത്രിസഭയും തകർത്ത് പതിനാല് എം.പിമാരുമായി ബി.ജെ.പിയിലേക്ക് പോകുന്ന ഭീഷണിയുമായി രാഹുൽഗാന്ധി വീണ്ടും ബീഹാറിലെത്തുമ്പോൾ തേജസി യാദവിന്റെ ഇടിവെട്ടുകളുടെ ഞെട്ടലുകൾ കേൾക്കുന്നത്. അപ്പോഴാണ് രാഹുൽഗാന്ധി സ്വയം ചോദിച്ചത്. ആരാണീ സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയത്?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img